പ്രണയലിപികൾ

എന്റെ പ്രണയലിപികളുടെ ആവർത്തനങ്ങളിൽ 
പതിവ് തെറ്റാതെ ഉടലഴകുകൾ ഇല്ലാതെ

 ഒരേയൊരുവാക്ക്
എത്രതവണ കൊതിയൂറി എഴുതിയിട്ടും

മടുക്കാതെ
ഇന്നെന്നെ 

ഒരു കൊച്ചുകുട്ടിക്ക് രാതാരകങ്ങൾ കൈമാറുന്ന

കൗതുകം പോലെന്നെ പഠിപ്പിക്കുന്നു
ആവർത്തനങ്ങളുടെ സംഗീതമാണ് 

നിശബ്ദമായ 

പ്രണയത്തിന്റെ നിർവ്വചനം
അതുകൊണ്ടുനീ

പ്രണയഗീതങ്ങൾ ഉറക്കെ പാടുക
നിന്റെ പ്രണയതാവിന്റെ കാതുകളിൽ

അവയൊരു സാഗരം തീർക്കട്ടെ
മുളംകാടുകൾക്കിടയിലൂടെ

ഇഴുകിയിറങ്ങുന്ന കാറ്റുപോലെ
മനസ്സിൽ നിന്റെ പ്രണയം മാത്രം അലയടിക്കട്ടെ
ഓർക്കുക ആവർത്തനങ്ങളുടെ സംഗീതമാണ് പ്രണയം

ലോകാവസാനം

ഈ തരുവീഥിയിൽ മൗനങ്ങളായ് വന്നുപ്രണയം നിറയ്ക്കും ഹൃദയങ്ങളെ
നിങ്ങൾ തൻ സൗരഭം മെല്ലെവിരിച്ചിട്ട ഈറൻ തണലുകളെങ്ങുപോയി
സ്നേഹമനാഥമായ്‌ പൊരിവെയിൽ കൊള്ളുമ്പോൾ

ഏതുവിഷാദചൂടിലും വന്നുപോം ആമേഘതാലങ്ങളെങ്ങുപോയി
ഇഷ്ടങ്ങൾ വറ്റി, പകമൂത്തപകലിന്റെ ചുടുകാറ്റടിക്കുമ്പോൾ 

ഈ നീലരജനിയും വിയർപ്പുതൂവും
ശാന്തമായ്‌ വെന്തുതുടങ്ങുന്ന രാപ്പകൽ ഈധരണിതന്നിൽ ഋതുക്കളാകും

ഇനിവരും നാൾകളിൽ പകവെന്തപകലുകൾ

ഓരോ മനുഷ്യന്റെ ദൈവമാകും
ദൈവങ്ങൾ പെരുകി കൺകളിൽ ഒന്നുമാറ്റേതിനനിബിലീസെന്ന് ഉറഞ്ഞുതുള്ളും
പിന്നൊരു രാപ്പകലേറെമുഴക്കാമോടങ്ങു

കടന്നുപോകും
പിന്നെ രാപ്പകലിനുള്ളിൽ പൂക്കൾ ചിരിക്കും 

വിത്തിടും കായ്ച്ചിടും 

ഭൂവോരു സ്വർഗമായ് 
ആ കാട്ടിനുള്ളിൽ പരിണാമം തന്റെ വിത്തിടും നാൾ വരെ

ഏറെ നിശ്ശബ്ദയായ് കാത്തുനിൽക്കും

പതർച്ച

ഇനിയില്ലെൻ ചിന്തകൾക്കുള്ളിൽ തീഷ്‌ണമാം ഭാവവും
ഇനിയില്ലെൻ കവിതകൾക്കുള്ളിൽ മനം മടുക്കുന്ന ഈണവും
ഈ നിശ്ശബ്ദഭൂവിൽ നിറയ്ക്കേണ്ട പ്രണയമെൻ
ലുപ്ധമാം ഹൃദയത്തിൽ നിറഞ്ഞുകിടക്കയാൽ…
അകലെ നിൻ സ്വരമൊരു മോഹമാണെങ്കിലും 
വിറപൂണ്ട കൈകളിൽ തലോടുന്ന വിരലുകൾ

കൊക്കുരുമ്മന്ന കാലമാണെങ്കിലും
അര്ധവിരാമമിട്ടൊരുപാട് സ്വപ്‌നങ്ങൾ

ഇന്നലെ, ഇന്നും നീ പറഞ്ഞതോർക്കുന്നു ഞാൻ
നാളെ നിൻ ചിറകുകൾ ബലമേറി, യാത്രയ്‌ക്കൊരുങ്ങുകിൽ 
സത്യമാണെങ്കിലും എൻ പ്രണയം നിനക്കൊരു ഭാരമായെങ്കിലോ
ഏറെ നിശ്ശബ്ദമാമെന്റെ പ്രണയവും

അതിനെ കലഹിച്ചുവിതുമ്പുന്ന ബോധവും
പാതിതിളക്കം നശിച്ചൊരെൻ കൺകളിൽ

മറ്റൊരു സപ്തസിന്ധു ഉണർത്തുന്നു മൂകമായ്…

അവസാനത്തെ ചോദ്യം

നിന്റെ ഓർമ്മകൾക്കരുകിൽ ഒരേയൊരു ചോദ്യമവസാനിപ്പിച്ച് ഞാനെന്റെ യാത്ര തുടങ്ങുമ്പോൾ 

നിന്റെ ഉത്തരം എന്തായിരിക്കും
പിണക്കങ്ങൾ സമ്മാനിച്ച കണ്ണീർതുള്ളികൾക്ക് പുതുതൊഴിമാർ വരുമ്പോൾ  നിന്റെ മനസ്സിൽ ഞാൻ പറഞ്ഞ ഏത് കഥകൾക്കാവും നിറങ്ങളുണ്ടാവുക
സായാഹ്നങ്ങളിൽ ഞാൻ നിനക്ക് സമ്മാനിച്ച ഏത് കവിതയ്ക്കാണ് ഈണമുണ്ടാവുക
എന്റെ പ്രണയത്തിന്റെ അവസാന ചോദ്യം നിനക്ക് സമ്മാനിക്കുമ്പോൾ

നിനക്കെന്തുതരമാണ് പറയുവാനുണ്ടാവുക
ഞാൻ നിന്നൊടുസല്ലപിച്ച നീലാകാശങ്ങൾക്കും വയൽവരമ്പുകൾക്കുമറിയാത്ത ഏത് സ്വകാര്യമാണ് നീ അന്ന് പറയാൻ കരുതിവെക്കുക
നിന്റെ മറുപടികത്തിന് എന്റെ ആയുസിനോളവും ജീവനില്ലാതെപോവുകിൽ 

മുറ്റത്തെ റോസാപ്പൂക്കളോടും 

നിനക്കുപ്രിയമുള്ള ഗുല്മോഹറിനൊടും പറഞ്ഞുവെയ്ക്കുക
കാരണം നീയാണെന്നെ പഠിപ്പിച്ചത് 

കാറ്റ് പൂക്കളുടെ പോസ്റ്റമാനാണെന്ന്

രാപ്പകലുകൾ

​ഈ വയൽ മീതെ നീ കണ്ണീർതൂകിയോ 

പുൽനാമ്പിലെല്ലാം നീർമുത്തുകൾ
താരകച്ചില്ലകൾ നിന്നുടയാടയിൽ ചാർത്തുന്ന ദീപ്തമാം പൂവമ്പുകൾ മോഹനങ്ങൾ

 

രാത്രിമഴതന്നിലെ നിൻ സർഗ്ഗതാളമോ 

നിൻ മഴപ്പീലിയുടെ കണ്മഷികളോ

ഒന്നുമെൻ ചിന്തയിൽ  വിടരുകില്ല
നെൽപ്പാടങ്ങളിൽ,

പച്ചവിരിപ്പിട്ട പുൽതൊടികളിൽ നീ കാത്തുവെച്ചോരാ പ്രണയോപഹാരങ്ങൾ 
നിന്റെ വിയർപ്പുമാ,ക്കണ്ണീരുമോരോതുള്ളിയായ് ഈ പച്ചപ്പിലാകെ തിളക്കമേകും

ഒന്നുതലോടുവാൻ, മാറോടു ചേർക്കുവാൻ കൊതിയുണ്ടുകൈകളാൽ പക്ഷെയാക്ഷണമവമാഞ്ഞുപോകും 
നിന്റെ കുറിമാനമേന്തുന്ന പുൽനാമ്പുകൾ, 

മറുപടികിട്ടാത്ത സന്ദേശകാവ്യങ്ങൾ 
അറിയുന്നുണ്ടു ഞാനെല്ലാമെങ്കിലും എൻ വിരൽ നിന്നരികുതിരയുന്ന നേരമീകൈകളിൽ പടരുന്ന
നിന്റെ മരണത്തിന്റെ പ്രതിധ്വനിയോമലെ 

എന്നിലെ തീവ്രദീപ്തി കുറയ്ക്കുവാൻ ,
എന്റെ നെഞ്ചിലെ ഭയമാണു നിന്നിലെ ശക്തിയേറിയ പ്രണയഭിലാഷങ്ങൾ
നിന്റെ പ്രണയകേളികൾ വീണ്ടും തുടരുക

ആ പുല്മേട്ടിലെ കത്തുകൾ മുടക്കാതയക്കുക

എന്നെയിനിയും മറക്കാതിരിക്കുക
ഓർത്തുകൊള്ളുക നമുക്കിടയിലെ ഭയമാണ് പ്രണയം

പക

​എന്റെയാകാശങ്ങൾക്കിന്ന് കറുത്ത നിറമാണ്

അകലത്തെ തെരുവുവിളക്കിന്റെ മഞ്ഞ വെളിച്ചത്തിനും

പിറകിൽ വേഗതകൂട്ടുന്ന പിടിവാൾ പാദങ്ങൾക്കുമിടയിൽ എന്റെ ചരിത്രം രചിക്കപ്പെടും

ഈ മദ്യലഹരിയുടെ പദങ്ങൾക്കപ്പുറം നിന്റെ കെട്ടിറങ്ങുമ്പോൾ

ഒഴിവു സമയത്തെ കോമാളിക്കഥകളിൽ എന്നെ നായകനാക്കുന്ന വാക്ചാതുര്യം
അവിടെ ഇരുട്ടുവീണ ചിന്തകളുടെ വരകൾക്കപ്പുറം ഞാൻ ജ്വലിച്ചുതീരുന്നു
ആ വെളിച്ചത്തിന്റെ പടിഞ്ഞാറനിടവഴി അവസാനിക്കുന്നിടത്ത് എനിക്കൊരു വീടുണ്ട്
അവിടെ എനിക്കൊരച്ഛനുമമ്മയുമുണ്ട്

തല്ലുകൂടുന്ന വഴക്കിടുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്ന

ഒരുപാടിഷ്ടമുള്ള ഒരനിയനുണ്ട്
ഇടയ്ക്കു വന്നു പോകുന്ന ഓർമ്മകളിൽ നീയും നിന്റെ തമാശക്കഥകളുമെന്നെ ചിരിപ്പിക്കാറുണ്ട്, നോവിക്കാറുണ്ട്

എങ്കിലും ആ വീടെനിക്കിഷ്ടമാണ്…
പക്ഷെ എന്റെ ആകാശങ്ങൾക്കിന്ന് കറുത്തനിറമാണ് 

അകലത്തെ തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിനും

ചടുലമായ അക്രാേശങ്ങൾക്കുമിടയിൽ

ഈ ജീവിതം നിസ്സംഗമാകുന്നു
എന്റെ ആകാശത്തിലെ നക്ഷത്രങ്ങളുടെ കൂട്ടുകാര ഒടുവിൽ ഞാനും നിന്നരികിലേക്ക്….

വെയിൽക്കാഴ്ച്ചകൾ

​വെൺമേഘശയ്യയിൽ സൂര്യതാപംവീഴ്ത്ത,

യർക്കനച്ചൂടുപകർന്നീടവേ

 തുള്ളിക്കളിച്ചുകൊണ്ടാച്ചൂടു, മാരുതൻ 

പങ്കുകൊളളുവാനെത്തിവേഗം

ആകാശവീഥിയിൽ ചുറ്റിപ്പറന്നുകൊ-

ണ്ടന്നം തിരഞ്ഞൊരു പക്ഷിരാജൻ

താഴെ ഭൂവിലെ കരിനാരുപോലുള്ള 

വിജനാം പാതയെയുറ്റുനോക്കി 
തണൽമരമില്ലാത്ത;കുറ്റിച്ചെടികളാൽ

 സമ്പന്നമായൊരു പാഴ്വീഥിയിൽ,

നാഴികതന്നിലൊരപവാദമെന്നപോൽ

 നാലഞ്ചുവാഹനം പാഞ്ഞുപോകും.

പായുന്ന നേരത്തറിയാതെ പെട്ടുപോം 

ജീവികൾ തന്റെ ശവമെടുക്കാൻ

പൊട്ടുപോൽ തൻനിഴൽ പാരിൽപതിപ്പിച്ചു,.

പായുന്നു വീണ്ടുമാഗഗനചാരി

കണ്ടുകണ്ടെന്നൊ പതം വന്ന കണ്ണുകൾ

 ദേഹിയില്ലാദേഹം കണ്ടുവെയ്ക്കും

ഒറ്റക്കുതിപ്പിലാ ജഡം തന്നരുകിൽ

 പ്രാർത്ഥനയോടെ നോക്കിനിൽക്കും

ചിറകുവിടർത്തി നടന്നുകൊണ്ടാ-

ദേഹമാകവെ കണ്ണാലുഴിഞ്ഞുനോക്കും.

പിന്നെ ആരുമറിയാത്ത ഉള്ളറക്കാര്യങ്ങൾ

 കൊത്തിവലിച്ചിടും മെല്ലെമെല്ലെ.
നന്നേനേർത്തരുവിഗംഗയിൽ ചേർന്നപോ-

ലൊരുറോഡുപാതയിൽ ചേർന്ന നേരം

തന്നെ പുലമ്പിക്കൊണ്ടെന്തൊചുമന്നുകൊണ്ടൊ-

രു നരൻനടന്നങ്ങു പോണുവേഗം

അരികിൽക്കരഞ്ഞുകൊണ്ടൊരുകുഞ്ഞുപെണ്ണു-

മുണ്ടെന്നെപ്പോൽ വിശക്കയാവാം.
ചുമലിലെ വെള്ളപ്പൊതിക്കുഭാരമുണ്ടെങ്കിലും 

ആ പദവേഗങ്ങൾ കുറഞ്ഞുമില്ല.

ആരോ നട്ടൊരാ പൂവരശിൻചോട്ടിൽ

 ആ ഭാണ്ഡമൊന്നിറക്കിവെച്ച നേരം.

കണ്ടുപതം വന്ന കൺകൾവേഗംചൊല്ലി-

യാപ്പൊതി പ്രേതമാണ;ന്നമാണ്..

വെയിലാഴികീഴെ ചിറകുമെല്ലെതാഴ്ത്തി 

ആ പെരുംവഴി നോക്കിതാഴേക്കായവേ,

അമ്മെയെന്നാവിളികേട്ടാശ്ചര്യം പൂണ്ടു 

പക്ഷി;ചില്ലമേലങ്ങമർന്നിരിന്നു
പൊള്ളുംവെയിലിലുമമാന്തമില്ലാജഡം ചുമലേറ്റിയാനരൻ,

 കൂടെക്കരഞ്ഞുകൊണ്ടാപ്പൈതലും..

ഒന്നു ചിന്തിച്ചുഖഗം മെല്ലെ ചിറകടിച്ചുയർന്നുതൻ-

നിഴലാസഞ്ചരികൾമേലെ പതിക്കവണ്ണം..

കരുണയുള്ളൊരുവണ്ടി നിർത്തുന്നിടംവരെ

 യല്ലങ്കിലർക്കതാപം മെല്ലെ കുറയുന്നിടംവരെ

തൂവൽ കുടക്കിഴിലാ രണ്ടുജീവനെ ചേർത്തു പിടിച്ചു പറന്നു ഭവാൻ..

അവനേയോർത്ത്

​മനസ്സിവിടെ വറ്റിവരണ്ടിട്ടുമെന്തെയെൻ ചിന്തകൾ പോകുന്നു സഹസ്രപാതകൾ

തലച്ചോററുത്തൊരാ കലാലയ ചുവരെത്ര

വെള്ളതേച്ചാലുമാച്ചോരമായുമൊ..
പൂമരചോട്ടിൽക്കിടന്നാകാശമെണ്ണവെ

തലയ്ക്കുമീതേയാ രക്തതാരകം

എൻ കണ്ണുനീരിൽ നീന്തിതുടിക്കുന്നു
ഈ മണ്ണിലെ പൂമരച്ചില്ലകൾ വെട്ടിപ്പടുക്കുന്ന ശവക്കല്ലറകളെ

അച്ചടക്കത്തിൻ കലാലയമെന്നോതുവാൻ
നാവുയർത്തുന്ന അടിമക്കിടാങ്ങളെ

നാണമില്ലെ പകലിൽ നടക്കുവാൻ…

നാളെ ക്ലാസ്സിൽ നീ കുമ്പിട്ടിരിന്നുകൊണ്ടാ-

പുസ്തകത്തെ ചവച്ചുവിഴുങ്ങിലും
നീയുയർത്താത്ത നാവിന്റെ പാതകം

ഈ ചുവരിന്റെ തേങ്ങലായ് മാറിടും
ഇനിയും നിന്റെ കൈവിറയ്ക്കുന്നില്ലങ്കിൽ

ഈ ചുവരുകൾ വൃത്തികേടാക്കുക

അച്ചടക്കത്തിന്റെ അതിരുകൾ താണ്ടുക

ഡസ്കിലാകെ കോറിവരയ്ക്കുക

ഭിത്തികൾ മേലെ നോട്ടീസ് പതിക്കുക
ക്യാമറ കണ്ണുകൾ കണ്ണുരുട്ടുമ്പോളാമുമ്പിൽ നിന്നു പ്രണയിച്ചു കൊള്ളുക
പോയജീവന്റെ പകരാമാവില്ലങ്കിലും മിച്ചസ്വപ്നങ്ങൾ നട്ടുവളർത്തുക

തുടിപ്പാട്ട്

​പഴയയോർമ്മകൾ പടിചവിട്ടി പകർന്നാടുമ്പോൾ

കതിരുകണ്ടു കൊതിച്ചകണ്ണുകൾ കവിഞ്ഞൊഴുകുന്നു
ശാന്തമായൊരു ശൈലമെന്നിൽ ശിഥിലമാകുമ്പോൾ
സഹജമായൊരു സ്ത്രീത്വഭാവം സഖിയിലുണരുന്നു
നടനമാടും നിശയിലെൻ നിഴലന്യമാകുന്നു

വറുതിതീർക്കും വീൺവാക്കുകൾ വന്യമാകുന്നു
ഉണരുമുണ്മകൾ ഉള്ളിലാണ്ട്

ഉറഞ്ഞു തുള്ളുന്നു
മൗനമാർന്ന മന്നനിവിടെ മൂഢനാകുമ്പോൾ

മുനിതുല്യമർത്യരിവിടെ മാഞ്ഞുപോകുന്നു
മടങ്ങിയെത്താ മകനെയോർത്ത് മിഴികൾക്കേഴുന്നു

അശ്രുവീണ അകത്തളങ്ങളിൽ

അമ്മകേഴുന്നു

പടിയിറക്കം

​ഉണരുകില്ലിനിയെന്നിലെ നറുകാവ്യകൗമാരം

വിഷധൂമമിതെന്റെ ഹൃദയം തച്ചുടയ്ക്കുമ്പോൾ…
പടരുകില്ലാതാളുകളിൽ മഷിപത്തായം

പകുതിവറ്റിയ രക്തമാേർത്തു തലപെരുക്കുമ്പോൾ..
പറഞ്ഞുതീരാവാക്കുകൾ കൊണ്ടെൻ

മനംപിരട്ടുന്നു

കാതോർക്കുക നിന്റെ പേരെൻ മരണമൊഴിയാകും
ചീറിയണയും വജ്രനാരുകൾ തുടിമുഴക്കുമ്പോൾ

ചിറകരിഞ്ഞ പ്രണയ;ക്കാവെൻ ഗേഹമായീടും
ഭീതിയാലെൻ കൈകാലുകൾ വിറകൊള്ളുമ്പോൾ

പൂർത്തിയാകാ കവിതമേലെൻ ചോര പടരുന്നു